2025 ഫെബ്രുവരി 15, ശനിയാഴ്‌ച

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

 


''ജനകോടികളുടെ വിശ്വസ്ത സ്ഥാപനം'' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. കോടിക്കണക്കിന് രൂപ നേരിട്ടും, അല്ലാതേയും ഇന്ത്യയുടേയും, അദ്ദേഹം ബിസിനസ് ചെയ്തിരുന്ന മറ്റ് രാജ്യങ്ങളുടേയും സമ്പദ്ഘടനയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ബിസിനസുകളുലൂടെ ഉപജീവനം നടത്തി. കുറേ പേരെങ്കിലും ഒരു ജീവിതകാലം ജീവിക്കാനുള്ള വഴിയും കണ്ടെത്തി. എന്നാല്‍ ഒരു ചെക്കു കേസില്‍പെട്ട് ഗള്‍ഫിലെ ജയിലില്‍ മൂന്നു വര്‍ഷത്തോളം അദ്ദേഹം തടവില്‍ കിടന്നപ്പോള്‍ ആരാണ് അദ്ദേഹത്തെ രക്ഷിക്കാനുണ്ടായത്?

 

ഇത് ജൂവലറി ഉടമയും, സിനിമാ നിര്‍മ്മാതാവും, വിതരണക്കാരനും, അഭിനേതാവും ആയിരുന്ന ഒരു അറ്റ്‌ലസ് രാമചന്ദ്രന്റെ മാത്രം ദുരന്തകഥയല്ല. സിനിമ പോലെയുള്ള വിവിധ ബിസിനസുകളില്‍ മുതല്‍ മുടക്കി സാമ്പത്തിക ദുരന്തത്തിന്റെ കാണാക്കയങ്ങളില്‍ മുങ്ങിപ്പോയ എത്രയോ നല്ല മനുഷ്യര്‍. ഒരു കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നികുതിയായും, ജീവനക്കാര്‍ക്കുള്ള ശമ്പളമായും, തങ്ങളുടെ വ്യക്തിഗത ചെലവഴിക്കലുകളായും, സംഭാവനകളായും കോടിക്കണക്കിന് രൂപ നല്‍കിയിരുന്ന ഇത്തരക്കാര്‍ ബിസിനസിന്റെ പാതയില്‍ ഇടറി വീഴുമ്പോള്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല നമ്മുടെ സമൂഹത്തിനില്ലേ?

 

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു മലയാളിയെ ബ്ലഡ് മണി നല്‍കി രക്ഷിക്കാന്‍ കോടികള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച സംഭവം ഓര്‍ത്തു പോകുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ബിസിനസുകാരനെ അല്ലെങ്കില്‍ ബിസിനസിനെ രക്ഷിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് നല്ല ആശയമാണെന്ന് കരുതുന്നില്ല. കാരണം ആ ബിസിനസിനെ രക്ഷിക്കേണ്ടത് ഒരിക്കലും 'സഹതാപം' കൊണ്ടാവരുത്, മറിച്ച് 'വിവേകം' കൊണ്ടാവണം.

 

ഓരോ ബിസിനസ് തകര്‍ച്ചയും ഒരു സാമ്പത്തിക ദുരന്തമാണ്. പ്രകൃതി ദുരന്തങ്ങളും, പകര്‍ച്ചവ്യാധികളും പോലെയുള്ള മഹാദുരന്തങ്ങള്‍. ഉപജീവനം നഷ്ടമാവുന്നവര്‍, അവരുടെ പുനരധിവാസം, ജോലികള്‍ നഷ്ടമാകുന്നവരുടേയും, ബിസിനസിന്റേയും, ഈ ബിസിനസിനെ ആശ്രയിച്ചു നിലനില്‍ക്കുന്ന മറ്റ് ബിസിനസുകളുടേയും ചെലവാക്കലുകള്‍, നികുതികള്‍ എന്നിവ ഇല്ലാതാകുന്നതിലൂടെ രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാകുന്ന കോടികള്‍ എത്രയാണെന്ന് ഒന്നു ചിന്തിച്ചു നോക്കുക... അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, കഫേ കോഫീ ഡേ, സഹാറ, ജെറ്റ്  എയര്‍വെയ്‌സ്, ബൈജൂസ് എന്നിങ്ങനെ അറിയുന്നതും, അറിയപ്പെടാത്തതുമായ എത്രയോ വമ്പന്‍ ബ്രാന്‍ഡുകള്‍ പല തരത്തിലുള്ള തിരിച്ചടികള്‍ ബിസിനസില്‍ നേരിട്ടവയാണ്. അപൂര്‍വം ചിലര്‍ക്ക് അത്തരം തിരിച്ചടികളെ അതിജീവിക്കാന്‍, കഴിഞ്ഞെങ്കില്‍ ഭൂരിഭാഗം പേരും സാമ്പത്തിക ദുരന്തത്തിന്റെ കാണാക്കയങ്ങളില്‍ അകപ്പെട്ടു പോയി.

 

തട്ടിപ്പുകള്‍ നടത്തി, പിടിക്കപ്പെട്ട് ബിസിനസില്‍ പരാജയപ്പെട്ടവരുണ്ട്. അവരെ കുറിച്ച് വ്യാകുലപ്പെടുന്നില്ല. പക്ഷെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പരാജയപ്പെടുന്ന നല്ലവരായ ബിസിനസുകാര്‍. അവരെ സംരക്ഷിക്കാനുള്ള ബാധ്യത നമ്മുടെ സമൂഹത്തിനില്ലേ? ഉണ്ട്. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച കീഴ്‌വഴക്കം നമ്മുടെ നാട്ടിലുണ്ട്. അപകടങ്ങളുടെ വാര്‍ത്താ പ്രാധാന്യമനുസരിച്ച് ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രീതിയുമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു 'ദയാവായ്പ്' അല്ല നമ്മുടെ ബിസിനസുകാര്‍ക്ക് ആവശ്യം.

 

ലക്ഷങ്ങളും, കോടികളും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്ന ഒരു ബിസിനസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ബാങ്കുകള്‍ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നില്ലായെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന ഒരു സംവിധാനം നമുക്ക് ആവശ്യമാണ്. പ്രധാനമന്ത്രിയുടേയോ, മുഖ്യമന്ത്രിമാരുടേയോ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ സഹായം നല്‍കാം. ഈ ബിസിനസുകാരും സംഭാവന നല്‍കിയ ലക്ഷങ്ങളും, കോടികളും ചേര്‍ന്നതാണല്ലോ ഈ ദുരിതാശ്വാസ നിധികള്‍. ഇല്ലായെങ്കില്‍ ധനകാര്യ വകുപ്പിനു കീഴില്‍ ഒരു പുതിയ സാമ്പത്തിക ദുരിതാശ്വാസ നിധി (ഫിനാന്‍ഷ്യല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) രൂപീകരിക്കാം. അതിനായി പുതിയ നികുതികള്‍ ഏര്‍പ്പെടുത്താതെ കമ്പനികളുടെ നിലവിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഫണ്ടില്‍ നിന്ന് മുപ്പത് ശതമാനം ഈ നിധിയിലേയ്ക്ക് വകമാറ്റാം.

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസ് അല്ലെങ്കില്‍ ബിസിനസുകാരന്‍ ആകെ നല്‍കിയ പ്രത്യക്ഷ നികുതിയുടെ ഇരുപത്തിയഞ്ചു ശതമാനം വരെ പലിശ രഹിത വായ്പയായും, അമ്പതു ശതമാനം വരെ കുറഞ്ഞ പലിശയുള്ള വായ്പയായും അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെയുള്ള തിരിച്ചടവു കാലയളവില്‍ സര്‍ക്കാര്‍ ഈ നിധിയില്‍ നിന്നും ബാങ്കുകള്‍ വഴി നല്‍കണം. ഇതിന്റെ തിരിച്ചടവ് ഉറപ്പാക്കുന്നത് ബാങ്കുകള്‍ ആയിരിക്കണം. ഇത്തരം വായ്പകളുടെ സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ സാമ്പത്തിക ദുരിതാശ്വാസ നിധിയില്‍ നിന്നും ബാങ്കുകള്‍ക്ക് നല്‍കണം.

 

ഇത്തരത്തിലുള്ള ഒരു സംവിധാനമുണ്ടെങ്കില്‍ എത്രയോ ബിസിനസുകളേയും, ബിസിനസുകാരേയും രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് കഴിയും. ആ ബിസിനസുകളിലെ പ്രൊമോട്ടര്‍മാരും, നിക്ഷേപകരും, ജീവനക്കാരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസവും, ആ ബിസിനസിന്റെ ഉയര്‍ത്തെഴുന്നേല്‍പിനുള്ള ഒരു കൈത്താങ്ങുമായിരിക്കും ഇത്തരത്തിലുള്ള ഒരു 'സാമ്പത്തിക ദുരിതാശ്വാസ നിധി'. 

സിനിമാരംഗത്തും മറ്റും എത്രയോ താരങ്ങളേയും, കോടീശ്വരന്മാരേയും സൃഷ്ടിച്ച ബിസിനസുകാര്‍ കാറും, വീടുമെല്ലാം നഷ്ടപ്പെട്ട് ആരും സഹായിക്കാനില്ലാതെ കഷ്ടപ്പെടുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ അത്തരം തന്തയില്ലായ്മകളോട് 'കടക്ക് പുറത്ത്' എന്ന് പറയാനുള്ള മനസ് നമുക്കാണ്ടാവണം. നമ്മുടെ സര്‍ക്കാറുകള്‍ക്ക് ഉണ്ടാവണം. ഒരു ചെറിയ സഹായം, ശരിയായ സമയത്ത് കിട്ടിയാല്‍ തീരുന്ന പ്രശ്‌നം മാത്രമായിരിക്കും പല ബിസിനസുകള്‍ക്കും ഉണ്ടാവുക. 'ഒരു തുന്നല്‍ പല തുന്നലുകള്‍ ഒഴിവാക്കും' എന്ന ചൊല്ല് ഓര്‍മിക്കുക. നല്ല കാലത്ത് നല്ല രീതിയില്‍ രാജ്യത്തേയും, നമ്മളേയും സഹായിച്ച നന്മയുള്ള മനുഷ്യരെ അവരുടെ കഷ്ടകാലത്ത് സഹായിക്കാനുള്ള നന്മ നമുക്കുണ്ടാവട്ടെ. 



2023 നവംബർ 25, ശനിയാഴ്‌ച

റോബിൻ ബസും, യാത്രക്കാരുടെ പ്രശ്നങ്ങളും



നമ്മൾ മലയാളികൾ യാത്രക്കാരെന്ന നിലയിൽ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളേയും, അവയ്ക്കുള്ള പരിഹാരങ്ങളേയും കുറിച്ച് ഗൗരവമായി ചർച്ച ചെയ്യാതെ റോബിൻ ബസ്സിനെ ആലോഷിക്കുന്ന തിരക്കിലാണ് നമ്മൾ. നമ്മൾ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മികച്ച സുഖപ്രദമായ യാത്ര, വേഗത്തിൽ ലക്ഷ്യസ്ഥാനത്തിലെത്തുക എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അത് നൽകുന്നതിൽ പരാജയപ്പെടുന്ന KSRTC -യും  പ്രൈവറ്റ് ബസ്സുകളുമാണ് റോബിൻ ബസ്സിനെ ആഘോഷിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്.

ടൂറിസ്റ്റ് പെർമിറ്റ് ബസ്സുകൾ പൊതുഗതാഗത സംവിധാനത്തിന്റെ നിയന്ത്രണങ്ങളില്ലാതെ പാസഞ്ചർ സർവ്വീസ് നടത്തുമ്പോഴുണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ബസ്സുകൾക്ക് തകരാർ സംഭവിക്കുമ്പോൾ യാത്രക്കാർക്ക് എങ്ങനെ യാത്ര തുടരാനാവും, ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾക്ക് എങ്ങനെ ഫലപ്രദമായി പരിഹാരം കാണും, സ്ത്രീ യാത്രക്കാരുടെ സുരക്ഷ, ഉത്സവകാലങ്ങളിൽ തന്നിഷ്ടപ്രകാരം ടിക്കറ്റ് നിരക്ക് കൂട്ടുന്നത് എന്നിങ്ങനെ യാത്രക്കാർ നേരിടുന്ന അല്ലെങ്കിൽ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഇവയടക്കം കേരളത്തിലെ  യാത്രക്കാർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ്  2014 ൽ കേരള നിയമസഭയിൽ കേരള പാസഞ്ചർ സർവീസ് അതോറിറ്റി രൂപീകരണ ബിൽ ശ്രീ ഹൈബി ഈഡൻ MLA സ്വകാര്യ ബില്ലായി അവതരിപ്പിച്ചത്. ആ ബിൽ നിയമസഭയോ, മാധ്യമങ്ങളോ ചർച്ച ചെയ്തില്ല. അതിലെ ചില ഭാഗങ്ങളാണ് ചുവടെ.



 


ആഘോഷങ്ങൾക്കും, വിവാദങ്ങൾക്കുമൊപ്പം നമ്മുടെ യഥാർത്ഥ പ്രശ്നങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിയാതിരുന്നാൽ, അവയ്ക്കുള്ള പരിഹാരം കണ്ടെത്താൻ നാം ശ്രമിക്കാതിരുന്നാൽ നമ്മുടെ യാത്രകൾ ദുരന്തപൂർണ്ണമായിരിക്കും അത് നമ്മൾ സൂപ്പർ ലക്ഷ്വറി ബസുകളിൽ യാത്ര ചെയ്താൽ പോലും. 

2023 ഫെബ്രുവരി 2, വ്യാഴാഴ്‌ച

വേദനയ്ക്ക് നികുതി ഒഴിവാക്കുക

 


രോഗം ഒരു പാപമല്ല. അത് ആഡംബരവുമല്ല. എല്ലാ മനുഷ്യരും ജീവിതത്തിലനുഭവിക്കുന്ന വേദനയുടെ കാലഘട്ടമാണത്. സ്വന്തം രോഗമാണെങ്കിലും, ഉറ്റവരുടെ രോഗമാണെങ്കിലും അത് വേദനയുടേയും, ഭയത്തിന്റെയും നിമിഷങ്ങളാണ്. ഒരു മാറാരോഗത്തേയോ, മരണത്തേയോ തന്നെ മുന്നില്‍ കാണുന്ന സന്ദര്‍ഭം. അത്തരം സന്ദര്‍ഭത്തിലാണ് നമ്മള്‍ വൈദ്യനിലും, മരുന്നിലും അഭയം തേടുന്നത്.

 

സത്യത്തില്‍ രോഗമെന്നത് വേദനയാണ്. മരുന്നകള്‍ക്കുമേലുള്ള നികുതിയെന്നത് യഥാര്‍ത്ഥത്തില്‍ വേദനയ്ക്കുമേലുള്ള നികുതിയാണ്. രോഗാവസ്ഥയിലുണ്ടാകുന്ന ചെലവുകള്‍ വേദനയ്ക്കുമേല്‍ വേദന സൃഷ്ടിക്കുന്നു. വേദനയ്ക്കും, ഭയത്തിനും, മരണത്തിനും മുന്നില്‍ പണക്കാരനും, മധ്യവര്‍ത്തിയും, പാവപ്പെട്ടവനും തമ്മില്‍ എന്താണു വ്യത്യാസം?

 

10 രൂപയ്ക്കു വിറ്റാലും നല്ല ലാഭം കിട്ടുന്ന മരുന്ന് 100 രൂപയ്ക്കു വിറ്റ് കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഫാര്‍മാ കമ്പനികളും, 10 രൂപയുടെ ബ്രാന്‍ഡ് കുറിക്കാതെ 100 രൂപയുടെ ബ്രാന്‍ഡ് കുറിക്കുന്ന ഡോക്ടര്‍മാരും ന്യായവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ കൊള്ളലാഭത്തിനുമേല്‍ 5 ശതമാനം നികുതി ഈടാക്കുന്ന സര്‍ക്കാരിന്റെ നടപടിയെ നമ്മള്‍ എങ്ങനെ ന്യായീകരിക്കും?

 

ആഡംബരവസ്തുക്കള്‍ക്കും, നൂട്രീഷന്‍ സപ്ലിമെന്റുകള്‍ക്കും, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്കും, ഓവര്‍ ദ് കൗണ്ടര്‍ മരുന്നുകള്‍ക്കും ഉയര്‍ന്ന നികുതി ഈടാക്കട്ടെ. പക്ഷെ, എന്തിന് മറ്റ് മരുന്നുകള്‍ക്ക് നികുതി? രോഗം ഏതുതരത്തിലുള്ളതായാലും, മരുന്നിന് നികുതി പാടില്ല. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ജീവിതകാലം മുഴുവനും മരുന്നു കഴിക്കേണ്ടവരും, കാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവരും എത്ര രൂപയാണ് ജീവിതകാലത്ത് മരുന്നിനു നികുതി നല്‍കേണ്ടി വരുന്നത്?

 

വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളായ കാരുണ്യ, നീതി മെഡിക്കല്‍ സ്‌റ്റോറുകളുടെ ഉപയോഗം വളരെ കുറച്ചു പേര്‍ക്കാണ് നിലവില്‍ ലഭ്യമാകുന്നത്. പക്ഷെ മരുന്നുകള്‍ക്ക് നികുതിയില്ലാത്ത പക്ഷം ആ ഗുണം എല്ലാവര്‍ക്കും ലഭിക്കും. ചികിത്സാചെലവുകള്‍ ഗണ്യമായി കുറയും. ജീവിതശൈലീ രോഗങ്ങളാലും, തൊഴില്‍ജന്യരോഗങ്ങളാലും കഷ്ടപ്പെടുന്ന നമ്മുടെ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുമത്. വരുമാനനികുതി പോലും ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലത്ത് മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കുന്നതുകൊണ്ട് സര്‍ക്കാര്‍ ഖജനാവ് കാലിയാവുകയുമില്ല. മരുന്നുകളുടെ നികുതി പിന്‍വലിക്കുന്നതു കാരണം എന്തെങ്കിലും നഷ്ടം സര്‍ക്കാരിനുണ്ടാകുന്നെങ്കില്‍, രോഗകാരണങ്ങളായ പുകയില ഉത്പന്നങ്ങള്‍, മദ്യം, ജംഗ് ഫുഡ് എന്നിവയ്ക്ക് നികുതി കൂട്ടി പരിഹരിക്കാം.

 

ആയതിനാല്‍ മരുന്നുകളുടെ നികുതിയോട് കടക്ക് പുറത്ത് പറഞ്ഞ് പൂര്‍ണ്ണമായും നികുതി ഒഴിവാക്കി രോഗത്താല്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാൻ നമ്മുടെ ഭരണാധികാരികള്‍ക്ക് സന്മനസുണ്ടാകട്ടെ. 


2023 ജനുവരി 9, തിങ്കളാഴ്‌ച

എന്തിനോ തിളയ്ക്കുന്ന മലയാളി സാമ്പാറുകള്‍

 


വിദ്യാഭ്യാസവും,  വിവേകവും നിറഞ്ഞവരെന്ന് മേനി നടിക്കുന്ന നമ്മള്‍ മലയാളികള്‍ നമുക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരവും, വിവേകവും, വകതിരിവുമില്ലെന്ന് വീണ്ടും ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് കലോത്സവ ഭക്ഷണ വിവാദത്തിലൂടെ. നമ്മള്‍ മലയാളി പൊട്ടന്മാര്‍ ചിന്തിക്കാത്ത ചില ഭക്ഷണ കാര്യങ്ങള്‍. 


1. വെജിറ്റേറിയന്‍ - നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഏതെങ്കിലും മതത്തിന്റെ കുത്തകയാണോ? അല്ല. ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, ഭൂരിപക്ഷം ഹിന്ദുക്കളും നോണ്‍ വെജ് കഴിക്കുന്നു. രോഗികളായ ഭൂരിപക്ഷം ക്രിസ്ത്യാനികളും, മുസ്ലീങ്ങളും കൂടുതല്‍ കാലം ഭുമിയില്‍ ജീവിപ്പാനായി നോണ്‍ വെജ് നിര്‍ത്തി വെജ് കഴിക്കുന്നു. 

2. കായികമേളയ്ക്ക് കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ നോണ്‍വെജ് വിളമ്പുന്നു എന്ന വാദം എന്തു വലിയ വിഡ്ഢിത്തമാണ്. ലോകത്തെ പ്രമുഖ അത്‌ലറ്റുകളിലധികവും വെജിറ്റേറിയന്‍ മെനു പിന്തുടരുന്നവരാണ്. ഉദാഹരണം വീനസ് വില്യംസ്, നൊവാക് ജോക്കോവിച്ച്  (ടെന്നിസ്)്, ലൂയിസ് ഹാമില്‍ട്ടണ്‍ (കാറോട്ടം), സ്‌കോട്ട് ജുറെക് (ദീര്‍ഘദൂര ഓട്ടക്കാരന്‍), ജെര്‍മെയ്ന്‍ ഡിഫോ (ഫുട്‌ബോള്‍), ഡേവിഡ് ഹെയ് (ബോക്‌സര്‍) എന്നിവര്‍. നോണ്‍ വെജായ കളിക്കാരും മത്സരത്തിനു മുമ്പായി നോണ്‍വെജ്, മധുരം കൂടിയ ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍, സോഡ, മറ്റ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മസാല ചേര്‍ത്ത  ഭക്ഷണങ്ങള്‍ എന്നിവ അവ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് കൊണ്ട് കഴിക്കാറില്ല. 

3. പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്കും, പ്രൊഫഷണലാകാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ക്കും അവരുടെ സ്‌പോര്‍ട്‌സ് ന്യൂടീഷ്യനിസ്റ്റുകള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക മെനു ഉണ്ടാവും. അതാണവര്‍ പിന്തുടരുക. അതറിയാത്തതുകൊണ്ടാണ് നമ്മള്‍ മലയാളി മന്തന്മാര്‍ കായികമേളയ്ക്ക് എല്ലാവര്‍ക്കും ഒരേ പോലെ ബിരിയാണി, പറോട്ടാ, ബീഫ് എന്നിവ കൊടുക്കുന്നത്. കേരളത്തിലെ കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ന്യൂടീഷ്യനിസ്റ്റുകള്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക മെനു ഇല്ലാത്തതാണ് കേരളത്തിന്റെ കായികരംഗത്തെ പ്രകടനം നാള്‍ക്കുനാള്‍ പിന്നോട്ടു പോവാന്‍ ഒരു കാരണമെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ??

4. കായിക മത്സരങ്ങള്‍, കലാപ്രകടനങ്ങള്‍, പരീക്ഷകള്‍ എന്നിവയ്ക്കു മുമ്പായി വയറു നിറയെ കഴിക്കരുതെന്നും, കൊഴുപ്പും, മധുരവും കൂടിയവ കഴിക്കരുതെന്നും വിദഗ്ദ്ധരും, വിവരമുള്ളവരും പറഞ്ഞിട്ടുണ്ട്, പറയാറുണ്ട്. അപ്പോള്‍ പഴയിടത്തിന്റെ സദ്യ കലാകാരന്മാര്‍ക്ക് പ്രകടനത്തിനു മുന്നേ കഴിക്കാവുന്നതാണോ? അല്ല. പ്രമേഹമുളള ടീച്ചര്‍മാര്‍ക്കും, മാതാപിതാക്കള്‍ക്കും കഴിക്കാവുന്നതാണോ? അതും പോട്ടെ സദ്യ വെജ് ആണെന്നു കരുതി ഇന്ന് ആരോഗ്യകരമായ ഭക്ഷണമാണോ? ഒരു നല്ല ഡോക്ടറോടു (വൈദ്യശാസ്ത്ര) ചോദിച്ചു നോക്കൂ.  പാചകരീതി കൊണ്ട് പല പച്ചക്കറി വിഭവങ്ങളും അനാരോഗ്യകരമായ ഭക്ഷണമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും ഓര്‍മിക്കുക.

ഇതല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്? ചര്‍ച്ച ചെയ്യേണ്ടത് ? 

ഭക്ഷണത്തിനു ജാതിയും, മതവും തിരിച്ച് അത് വിവാദമാക്കിയും, വാര്‍ത്തയാക്കിയും ആസ്വദിക്കുന്ന മലയാളി മന്തന്മാരോട് കടക്ക് പുറത്ത് എന്നു പറയാന്‍ ആരുമില്ലേ എന്റെ ദൈവമേ...




2022 ഡിസംബർ 5, തിങ്കളാഴ്‌ച

തോൽപ്പിക്കപ്പെടുന്ന മലയാളി കുട്ടികൾ



പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഏറ്റവും ദൗർഭാഗ്യവാൻമാർ കേരളത്തിലെ കുട്ടികളാണ്. ലോകത്തിലെ മറ്റിടങ്ങളിലെ കുട്ടികളായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സമയം കളികളിൽ ഏർപ്പെടുന്നത് കേരളത്തിലെ കുട്ടികളാണ്. കുട്ടികൾ കളിച്ചല്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ കളിച്ചിട്ടെന്തിനാ കപിലും, സച്ചിനുമാകാനാണോ എന്നെല്ലാം ചോദിക്കുന്നവരാണ് നമ്മട ഭൂരിഭാഗം മാതാപിതാക്കളും, അധ്യാപകരും.

കുഴപ്പം വേറൊന്നുമല്ല. പുസ്തകങ്ങൾക്കോ, ഗുരുക്കന്മാർക്കോ പഠിപ്പിക്കാൻ കഴിയാത്ത എന്നാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ പല കഴിവുകളും ഒരു വ്യക്തിക്ക് ലഭിക്കുന്നത് കളികളിൽ, നിന്നോ ജീവിതാനുഭവങ്ങളിൽ നിന്നോ ആണ്. ലോകത്തിലെ ഏറ്റവും മയമില്ലാത്ത അധ്യാപകനാണ് ജീവിതാനുഭവങ്ങൾ. എന്നാൽ കളികളാകട്ടെ വളരെ ലളിതമായും, രസകരമായും നമുക്കാവശ്യമായ കഴിവുകളും, അറിവുകളും നൽകുന്നു.

മാനേജ്മെന്റ് സ്ക്കില്ലുകൾ, അതിജീവനത്തിനുള്ള കഴിവുകൾ (സർവൈവൽ സ്ക്കില്ലുകൾ, തോൽവികളും, പ്രതിസന്ധികളും, പരിഹാസങ്ങളും നേരിടുന്നതിനുള്ള സൈക്കോളജിക്കൽ സ്ക്കില്ലുകൾ എന്നിവ ഒരാൾക്ക് കളികളിലൂടെ ലഭിക്കും. ഇവയൊന്നും തന്നെ നമ്മുടെ പാഠശാലകളിൽ പഠിപ്പിക്കുന്നില്ലായെന്ന യാഥാർത്യം ഓർമിക്കുക. ഒരു ചെറിയ തോൽവിയോ, തിരസ്ക്കരണമോ ഉണ്ടാകുമ്പോൾ തന്നെ ആത്മഹത്യ ചെയ്യുന്ന നമ്മുടെ കുട്ടികൾ നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണഫലമാണ്.

കളികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ശാരീരികവും, മാനസികവും, വൈജ്ഞാനികവും, സാമൂഹികവുമായ ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ കുട്ടികൾക്ക് കളിക്കാൻ കൂടുതൽ സമയം ലഭിക്കണം. ജോലിയുടെ കാര്യത്തിൽ പറയുന്ന 8 മണിക്കൂർ അദ്ധ്വാനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം പോലെ കുട്ടികളുടെ കാര്യത്തിലും വരണം, 8 മണിക്കൂർ പഠനം, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന വിപ്ലവകരമായ നയം. ഇപ്പോൾ നമ്മുടെ ഭൂരിഭാഗം കുട്ടികളുടേയും ജീവിതം കെ എസ് ആർ ടി സിയുടെ അതിവിപ്ലവകരമായ 12 മണിക്കൂർ അദ്ധ്വാനം പോലെയാണ്. 8 മണിക്കൂർ സ്ക്കൂളിലെ പഠനം, 4 മണിക്കൂർ ട്യൂഷൻ പഠനം, 4 മണിക്കൂർ ലേണിംഗ് ആപ്പാദി, ഹോം വർക്കാദി വീട്ടിലെ പഠനം, 8 മണിക്കൂർ വിശ്രമം ഇതാണ് ഭൂരിഭാഗം കുട്ടികളുടേയും അവസ്ഥ.

ഇത്രയും പഠിപ്പിച്ചിട്ട് അല്ലെങ്കിൽ പഠിച്ചിട്ട് ഗുണം? മത്സര പരീക്ഷകളിൽ മറ്റ് സംസ്ഥാനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിന്നിൽ. വ്യവസായം, ശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ സമൂഹത്തിലെ ഉന്നതയിടങ്ങളിൽ കേരളത്തിൽ നിന്നും പഠിച്ചിറങ്ങി മുന്നിൽ നിൽക്കുന്നവർ വളരെ കുറവ്.

കുട്ടികൾ കുടവയർ, ജീവിതശൈലീ രോഗങ്ങൾ എന്നിവയെ ചെറുപ്രായത്തിൽ തന്നെ ചുമക്കേണ്ടി വരുന്നു. ചിലർ പെട്ടന്ന് ഹൃദയത്തിന്റെ ചലനം നിലച്ച് മരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമുക്കു നൽകുന്ന ഗുണം. 

കാലം മാറിയതറിയാത്ത കേരളം



ഒരു സ്പോർട്സ് സഹകരണ സംഘം രൂപീകരിക്കാനുള്ള ഫീസ് അടയ്ക്കാൻ ട്രഷറിയിൽ പോയ അനുഭവമാണിത്. ആദ്യം സഹകരണ ഉദ്യോഗസ്ഥൻ ഒരു ചെല്ലാൻ ടൈപ്പ് ചെയ്ത് പ്രിൻറെടുത്തു തന്നു. ഞാൻ അതുമായി 3 കിലോമീറ്റർ അകലെയുള്ള ട്രഷറിയിലേയ്ക്ക് യാത്ര തിരിച്ചു. ട്രഷറി കളക്ടറേറ്റിലാണ്. അതിനു ചുറ്റിലും സമരക്കാരും പോലീസും. പോലീസുകാരെ ചെല്ലാൻ കാണിച്ച് നേരെ ട്രഷറിയിലേയ്ക്ക്. അവിടെ റിസപ്ഷൻ പോലെ തോന്നിയ സെക്ഷനിൽ ചെല്ലാൻ കാണിച്ചു. അദേഹം അത് വാങ്ങി അടുത്തിരുന്ന സ്ത്രീയുടെ കൈയ്യിൽ കൊടുത്തു. സ്ത്രീ അത് വാങ്ങി അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട് ക്യാഷ് കൗണ്ടറിൽ കൊടുക്കാൻ പറഞ്ഞു. കാഷ്യർ ചെല്ലാനും, രൂപയും വാങ്ങി, ആ ചെല്ലാൻ ഒരു പ്യൂണിനെ ഏൽപിച്ചു. എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. പ്യൂൺ അതുമായി ഒരു ഉദ്യോഗസ്ഥയുടെ അരികിൽ ചെന്നു. അവർ അതിൽ ഒപ്പിട്ടു. പ്യൂൺ അതിൽ സീൽ വച്ച് എനിക്ക് തന്നു. ഞാൻ അവിടെ കിടന്ന കലണ്ടറിൽ നോക്കി. വർഷം 2021.

നെറ്റ് ബാംങ്കിംഗിന്റേയും, UPI യുടേയുമെല്ലാം കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഫോണിലൂടെയോ, കംപ്യൂട്ടറിലൂടെയോ എളുപ്പത്തിൽ വീട്ടിലുരുന്ന് ചെയ്യാവുന്ന കാര്യങ്ങൾക്കാണ് ഇപ്പോഴും മലയാളികൾ ആപ്പീസു നിരങ്ങേണ്ടി വരുന്നതും, തന്റെ ജീവിതത്തിലെ നല്ല സമയം കളയുന്നതും. നമ്മുടെ സർക്കാരുകൾ ഐ.ടി, വികസനത്തിന് ഐ ടി പാർക്കുകളും, സ്റ്റാർട്ടപ്പുകളുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു.

എന്നിട്ടും ട്രഷറിയെപ്പോലെ പണക്കാരനും, സാധാരണക്കാരനുമെല്ലാം ഒരേ പോലെ ആശ്രയിക്കുന്ന ഒരു സർക്കാർ സേവനത്തിന്റെ അവസ്ഥയാണിത്. ട്രഷറിയും കാലത്തിനൊത്ത് മാറണ്ടേ? പഴയ രീതികളോട് നമ്മൾ കടക്ക് പുറത്ത് എന്നു പറഞ്ഞ് ആധുനിക രീതികളും സമ്പ്രദായങ്ങളും സ്വീകരിക്കണ്ടേ?

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.. തേങ്ങാക്കൊല



കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ നിന്നും തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം ഈ ഭൂമി മലയാളത്തിലുള്ള ആർക്കെങ്കിലും നൽകാൻ കഴിയുമോ?

ഐ.ടി. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി മലയാളത്തിൽ വിവരസാങ്കേതിക വിദ്യ, കേരളം ഭാരതത്തിന്റെ ഐ.ടി. ഹബുകളിലൊന്നാണ് എന്നാണ് നമ്മൾ പറയുന്നത്. പിന്നെ നമ്മുടെ നാട് റൈറ്റ് ടു ഇൻഫർമേഷൻ എന്നൊരു നിയമവും പാസാക്കിയിട്ടുണ്ട്. വിവരങ്ങൾ അറിയാനുള്ള അവകാശം. പിന്നെ നമുക്ക് വിവരാവകാശ കമ്മീഷണർമാരുമുണ്ട്. വളരെ നല്ലത്.

നമ്മൾ കേരളത്തിലെ ആദ്യത്തെ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുന്നിൽ ബസ് കാത്തു നിൽക്കുകയാണെന്നു കരുതുക. തമ്പാനൂരിലേയ്ക്കുള്ള അടുത്ത ബസ് എപ്പോൾ വരും എന്ന വിവരം നമ്മൾ എങ്ങനെയറിയും? ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് പല തരത്തിലുള്ള വിവരങ്ങൾ നൽകാൻ കഴിയുന്ന വിവിധ ഐ.ടി. ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളാണ് ടെക്നോപാർക്കിനകത്തുള്ളത്. യാത്രയ്ക്ക് ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ബസ് സമയത്തെ കുറിച്ചുള്ള കൃതമായ വിവരങ്ങൾ നൽകാൻ കെ എസ് ആർ ടി സിയേയും, സർക്കാരിനേയും സഹായിക്കാൻ ഈ കമ്പനികൾക്കാവില്ലേ?

പണ്ടെല്ലാം ബസ് സ്റ്റാൻഡുകളിലും, നാട്ടിൻ പുറത്തെ ബസ് സ്റ്റോപ്പുകളിലുമെല്ലാം ബസുകളുടെ സമയ പട്ടിക പ്രദർശിച്ചിരുന്നു. ഒരു നല്ല പരിധിവരെ യാത്രക്കാർക്ക് ആശ്വാസമായിരുന്നു അത്. എന്നാൽ ഇന്ന് പ്രധാന ബസ് സ്റ്റാൻഡുകളിൽ പോലും സമയവിവരപട്ടിക കാണാനില്ല. നാട്ടിൻ പുറങ്ങളിലെ കാര്യം പറയുകയും വേണ്ട. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിലെ അന്വേഷണ കൂട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചുമരിലെ പ്രവർത്തിക്കാത്ത ഘടികാരത്തിൽ നോക്കി ഉടൻ വരും, ഇപ്പ വരും, കോത്താഴത്തു നിന്നും ഒരു ബസ് വരാനുണ്ട് എന്നിങ്ങനെയുള്ള ഉത്തരങ്ങളാമ്.

അടുത്ത ബസിന്റെ സമയമറിയാൻ ജനം പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ ഉദ്യാഗസ്ഥന് അപേക്ഷ കൊടുക്കണോ?

ട്രെയിൻ സമയവും, റണ്ണിംഗ് സ്റ്റാറ്റസും എല്ലാം യാത്രക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ തത്സമയം അറിയുവാനുള്ള സംവിധാനം ഇന്ത്യൻ റെയിൽവ ഒരുക്കിയിട്ടുണ്ട്. അതേ സംവിധാനം കേരളത്തിലെ പൊതുഗതാഗത രംഗത്ത് ഒരുക്കിയാൽ എന്താണ് കുഴപ്പം? റെയിൽവ സ്റ്റേഷനുകളിലെ പോലെ ആ സംവിധാനങ്ങൾ നമ്മുടെ ബസ് സ്റ്റാൻഡുകളിലും, ബസ് സ്റ്റോപ്പുകളിലും വന്നാൽ എന്താണ് കുഴപ്പം. ഒരു കുഴപ്പവുമില്ല. പക്ഷെ മലയാളിക്ക് ഇതൊക്കെ മതി എന്നതാണ് നമ്മുടെ സർക്കാരുകളുടെ നിലപാട്. രാജ്യത്ത് യാത്രയ്ക്ക് ഏറ്റവും കൂടുതൽ രൂപ ചെലവാക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടാണിത്.

നമ്മൾ കടക്ക് പുറത്ത് എന്നു പറയേണ്ട കാര്യമാണിത്. യാത്ര ചെയ്യുക എന്നത് പൗരന്റെ മാലികമായ അവകാശമാണ്. പൗരന്മാർക്ക് സുരക്ഷിതവും, സുഗമവുമായ യാത്ര ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ലോകത്തിന് ഐ.ടി കയറ്റി അയക്കുന്ന കേരളത്തിന് സ്വന്തം പൗരന്മാർക്ക് അതിന്റെ ഗുണം നൽകാൻ പറ്റിയിലെങ്കിൽ നാണക്കേടല്ലേ? കൃഷിക്കാരന്റെ മക്കൾക്ക് കഴിക്കാൻ ഭക്ഷണമില്ല എന്നു പറയുന്ന പോലത്തെ തികഞ്ഞ നാണകേട്! ഷെയിം, ഷെയിം പപ്പി ഷെയിം. 

സ്ത്രീകൾക്ക് തൂറണ്ടേ? മൂത്രം ഒഴിക്കണ്ടേ?



സ്ത്രീകൾക്ക് ധൈര്യത്തോടെ, സൗകര്യപ്രദമായി വെളിക്കിറങ്ങാൻ പറ്റിയ എത്ര ബസ് സ്റ്റാൻഡുകൾ കേരളത്തിലുണ്ട് ? പണ്ട് കേരളത്തിലെ വീടുകളിൽ ശൗചാലയം പുറത്തായിരുന്നു. ഇന്ന് വീടുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയി. എന്നാൽ പണ്ട് നമ്മുടെ ബസ്സ്റ്റാൻഡുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയിരുന്നു. പ്രധാന കെട്ടിടത്തിൽ തന്നെയായിരുന്നു ശൗചാലയങ്ങൾ: ഇന്ന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിങ്ങനെയുളള പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം തന്നെ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയാണ് ശൗചാലയം. പല ബസ് സ്റ്റാൻഡുകളിലും ശൗചാലയങ്ങൾക്കു മുന്നിൽ ബസുകൾ നിറുത്തിയിട്ടിട്ടുണ്ടാവും. കൂടാതെ പൈസ പിരിക്കാനിരിക്കുന്നവരിൽ ഭൂരിഭാഗത്തേയും കണ്ടാൽ ഗോവിന്ദച്ചാമിയുടെ പഴയ രൂപമാണ് ഓർമ വരിക. അതുകൊണ്ടു തന്നെ പുരുഷന്മാർ കൂടെയില്ലങ്കിൽ ധൈര്യമായി പകൽ സമയങ്ങളിൽ പോലും ഈ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നു.

അത്യാധുനിക മാതൃകാ ബസ് സ്റ്റാൻഡായ കോഴിക്കോടാണെങ്കിൽ സ്ത്രീകളുടെ ശൗചാലയം ബസ് സ്റ്റാൻഡിന്റെ ഒരറ്റത്തും, പുരുഷന്മാരുടേത് മറ്റേ അറ്റത്തും. രണ്ടും തമ്മിൽ നൂറു മീറ്ററിലധികം അകലമുണ്ടാവണം. അതുകൊണ്ടു തന്നെ ഭാര്യയ്ക്കു ഭർത്താവും, ഭർത്താവിന് ഭാര്യയും നൂറും, നൂറും ഇരുന്നൂറു മീറ്റർ കൂട്ടുപോവേണ്ട അവസ്ഥ.

ചില ബസ് സ്റ്റാൻഡുകളിൽ പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ രണ്ടു രൂപയും, സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ അഞ്ചു രൂപയുമാണ്. പറയുന്ന കാരണം സ്ത്രീകൾ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയം കൂടുതൽ വെള്ളം ചെലവഴിക്കുന്നു എന്നതാണ്. എന്താ സ്ത്രീകൾ പുരുഷന്മാരെ പോലെ മൂത്രമൊഴിച്ച് ഒരു ജെൻഡർ ന്യൂട്രൽ മൂത്രമൊഴിക്കൽ സംസ്ക്കാരം വളർത്തണമോ?

ഇത്തരം സ്ത്രീ വിരുദ്ധമായ ബസ് സ്റ്റാൻഡുകളാട് നവോത്ഥാന പക്ഷക്കാരായ സ്ത്രീകളെങ്കിലും കടക്ക് പുറത്ത് എന്ന് പറയണ്ടേ? ഇതെല്ലാം തങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങളിൽ വരുന്നതാണെന്ന് തിരിച്ചറിയണ്ടേ? അല്ലാതെ തൂറുന്നതും, മൂത്രമൊഴിക്കുന്നതും മൗലികാവകാശമാണെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന മറു ചോദ്യം ചോദിക്കരുത്. ഒരു പ്രശസ്ത ഫെമിനിസ്റ്റ് ചോദിച്ചതാണ് ഈ ചോദ്യം! എന്നിട്ട് എന്നോടൊരു കടക്കു പുറത്തും. 

ചെകുത്താന്റെ സ്വന്തം ബസ്റ്റാൻഡുകൾ

 


പഴയ തമ്പാനൂർ ബസ്റ്റാൻഡ് ഉണ്ടായിരുന്ന കാലത്ത് കേരളം സന്ദർശിച്ച ഒരു സായിപ്പിന്റെ വായിൽ നിന്നും വീണ കമന്റ് "ഗോഡ്സ് ഓൺ കൺട്രി, ബട്ട് ഡെവിൾസ് ഓൺ ബസ് സ്റ്റാൻഡ് " സത്യമല്ലേ ? വളരെ സത്യസന്ധമായ വിലയിരുത്തൽ. പഴയ തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ സ്ഥാനത്ത് ആധുനിക ബഹുനില ബസ് സ്റ്റാൻഡ് വന്നു. പക്ഷെ ആ സായിപ്പ് ഇനി വന്നാലും പറയുക പഴയ കമന്റ് തന്നെയായിരിക്കും "ഡെവിൾസ് ഓൺ ബസ്സ് സ്റ്റാൻഡ്. " നാഗർകോവിൽ, പൂവാർ പോലുള്ള സ്ഥലങ്ങളിൽ പോകുന്ന യാത്രക്കാർ ഭൂരിഭാഗവും ഇപ്പോഴും വെയിലും മഴയും കൊണ്ട് തന്നെ ഈ അത്യാധുനിക ബസ് സ്റ്റാൻഡിൽ നിൽക്കണം. ബസ്റ്റാൻഡിനകം മുഴുവൻ തൊഴിലാളി സംഘടനകളുടെ കൊടി തോരണങ്ങൾ, പോസ്റ്ററുകൾ . സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ബസുകൾ പാർക്കു ചെയ്തിരിക്കുന്നതിനാൽ ബസ്സ്റ്റാൻഡ്  വളപ്പിനകത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ പോവാൻ ജനം പേടിക്കണം.  എന്ത് ദുരിതമാണിത്. ശൗച്യാലയങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. ഇപ്പോഴും ചെകുത്താന്റെ തന്നെ.  

എന്തിനാണ് ബസ് സ്റ്റാൻഡുകൾ? യാത്രക്കാർക്ക് വെയിലും, മഴയും കൊള്ളാതെ സുഖപ്രദമായി തങ്ങളുടെ യാത്രകൾ തുടങ്ങാനും, അവസാനിപ്പിക്കാനും . എന്നാൽ നമ്മുടെ ബസ് സ്റ്റാൻഡുകൾ പുരുഷന്മാരെപ്പോലും ഭയപ്പെടുത്തുന്ന ചെകുത്താൻ കോട്ടയാണ്. വെയിലും, മഴയും കൊള്ളാതെ ആധുനിക ബസ് സ്റ്റാൻഡായ വൈറ്റില ഹബിൽ നിന്നും യാത്ര ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് അതിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. രാവിലെ കിഴക്കുനിന്നും വെയിലടിക്കുന്നതിനാൽ യാത്രക്കാർ പടിഞ്ഞാറോട്ട് നീങ്ങി നിന്ന് മേൽക്കൂരയുടെ നിഴലിൽ അഭയം തേടും. ഉച്ച കഴിഞ്ഞ് പടിഞ്ഞാറ് നിന്ന് വെയിലടിക്കുമ്പോൾ കിഴക്കോട്ട് നീങ്ങി മേൽക്കൂരയുടെ നിഴലിൽ അഭയം തേടുന്നു. മഴയുള്ളപ്പോൾ കുട തന്നെയാണ് ശരണം. എന്തിനു വണ്ടിയാണ് ഈ ബസ് സ്റ്റാൻഡ് സമുച്ചയം.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു ബസ് സ്റ്റാൻഡ് പോലും ഈ കേരളത്തിലില്ല. എങ്കിലും നമ്മൾ പറയുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാട്.

യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ നിർമ്മിക്കുന്ന ഇത്തരം ബസ് സ്റ്റാൻഡുകളോട് കടക്ക് പുറത്ത് എന്നു പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ശുചിത്വമില്ലാത്ത ശൗചാലയങ്ങളുണ്ടായിരുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കാൻ കരുതൽ കാട്ടിയ കോടതികളെങ്കിലും കടക്ക് പുറത്ത് എന്നു പറയുമോ?

2022 ഒക്‌ടോബർ 11, ചൊവ്വാഴ്ച

ഡ്രൈവര്‍മാരെ കല്ലെറിയുന്നവരോട്


ബസ്സ് ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് നമ്മള്‍ മലയാളികള്‍. ഡ്രൈവര്‍മാരില്‍ കുറച്ചുപേരെങ്കിലും റോഡില്‍ ഭീകരന്മാരെ പോലെ ആണെന്ന് പറയാതെ വയ്യ. അതില്‍ ബസ്സ് ഡ്രൈവര്‍മാരും, ഓട്ടോ ഡ്രൈവര്‍മാരും, ടിപ്പര്‍ ഡ്രൈവര്‍മാരും, സ്വന്തം വണ്ടി ഓടിക്കുന്ന നമ്മളില്‍ ഉണ്ട്. അവരെ മര്യാദ പഠിപ്പിക്കുക എന്നത് ഇന്നത്തെ വലിയ ആവശ്യമാണ്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അത് നന്നായി ചെയ്യണം. ഞാന്‍ എഴുതുന്നത് ഡ്രൈവര്‍മാരുടെ കുറ്റങ്ങളല്ല, മറിച്ച് അവരുടെ നിസഹായതയെ കുറിച്ചാണ്. 


ലോകത്തിലെ ഏറ്റവും കഠിന്യമേറിയ തൊഴില്‍ ചെയ്യുന്നത് കേരളത്തിലെ ബസ്സ് ഡ്രൈവര്‍മാരാണ്. മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്കിടയില്‍ ക്ഷീണം തോന്നിയാല്‍ കുറച്ചു നേരം കണ്ണടച്ചിരിക്കം. മേശയില്‍ തല വച്ച് കിടക്കാം. എന്നാല്‍ ബസ്സ് ഡ്രൈവര്‍ ക്ഷീണം നിമിത്തം ഒരു നിമിഷം കണ്ണടച്ചാല്‍ എന്ത് സംഭവിക്കും? അധികവും ഒരു വലിയ ദുരന്തം. ബസ്സ് ഒന്ന് ഒതുക്കി നിര്‍ത്തി വിശ്രമിക്കാം എന്നു കരുതിയാല്‍? അനുവദനീയ സ്റ്റോപ്പില്‍ പോലും ബസ്സ് നിര്‍ത്താന്‍ പോയാല്‍ 'എന്തിനാണ് എല്ലായിടത്തും ബസ്സ് നിര്‍ത്തി ഇയാള്‍ സമയം കളയുന്നത്?' എന്നു ചിന്തിക്കുന്ന നമ്മള്‍ സംസ്‌ക്കാര സമ്പന്നരായ യാത്രക്കാര്‍ അയാളുടെ വീട്ടിലിരിക്കുന്ന ആളുകളെ പോലും മനസ്സിലെങ്കിലും ചീത്ത വിളിക്കും. 


ഈ ഡ്രൈവര്‍മാരുടെ തൊഴിലിടങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതും എറ്റവും വൃത്തികെട്ടത് ആണ്. വീതിയില്ലത്ത, തിരക്കുപിടിച്ച, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍... നന്നായി പരിപാലിക്കാത്ത വണ്ടികള്‍, ഡ്രൈവര്‍മാരെ ചീത്ത വിളിക്കുന്ന പോലീസുകാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, കാല്‍നടക്കാര്‍... ഒരു ബോധവുമില്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടക്കാര്‍, പട്ടികള്‍, വിശുദ്ധ പശുക്കള്‍, വന്യ ജീവികള്‍... ദൈവത്തിന്റെ ഇടപെടല്‍ നിമിത്തമോ, വാഹന പെരുപ്പം നിമിത്തമോ, കേരളത്തിലെ ദൈവങ്ങളായ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളുടെ ജാഥകള്‍ നിമിത്തമോ വി ഐ പികളുടെ സഞ്ചാരം നിമിത്തമോ മണിക്കൂറുകളോളം റോഡില്‍ അകപ്പെടുന്ന സാഹചര്യങ്ങള്‍... എന്ത് കഷ്ടമാണ് ഇവരുടെ തോഴിലിടം. മൂത്രമൊഴിക്കുന്നതു പോലും മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തേണ്ട അവസ്ഥ... മണിക്കൂറുകള്‍ നീളുന്ന ജോലി.... ബസിനുള്ളില്‍ അല്ലെങ്കില്‍ കര്‍ണാടക വോള്‍വോ ഡ്രൈവര്‍മാര്‍ പോലെ ബസിന്റെ ലഗേജ് വയ്ക്കുന്ന സ്ഥലത്തോ കിടന്നുറങ്ങേണ്ട ദുരവസ്ഥ.... എത്ര ദുരന്തം നിറഞ്ഞതാണ് അവരുടെ ജോലി എന്നോര്‍ക്കുക. 

ഇനി ഈ ജോലി കാരണമുള്ള തൊഴില്‍ ജന്യ രോഗങ്ങള്‍... സച്ചിന്‍ തെണ്ടുല്‍ക്കറിനെ പോലുള്ള വലിയ കായികതാരങ്ങളെ ബാധിക്കുന്ന ടെന്നിസ് എല്‍ബോ അടക്കം നിരവധി രോഗങ്ങള്‍. 

പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സി യിലെ ഡ്രൈവര്‍മാരാണെങ്കില്‍ സമയത്തിന് ശമ്പളം കിട്ടാതെ ലോണിന്റെ തിരിച്ചടവ് മുടങ്ങുമ്പോള്‍ ബാങ്കില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ വണ്ടി ഓടിക്കുമ്പോള്‍ തന്നെ വന്നുകൊണ്ടിരിക്കും... സ്പീഡ് കൂടിയാല്‍ കേസ്, സ്പീഡ് കുറഞ്ഞാല്‍ യാത്രക്കാരുടെ മോശം കമന്റുകള്‍, വണ്ടി നിറുത്തി വിശ്രമിച്ചാല്‍ സസ്‌പെന്‍ഷന്‍, ഓവര്‍ടേക് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പറഞ്ഞ് മറ്റു ഡ്രൈവര്‍മാരുടെ ചീത്തവിളിയും അടിയും... ESI യും പെന്‍ഷനും മറ്റ് ആനുകല്യങ്ങളും ഇല്ലാതെ കഴിയുന്ന കാലത്ത് മാക്‌സിമം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രൈവറ്റ്, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍... ബാറുകളിലെ ടോയിലറ്റിന്റെ വൃത്തി പരിശോധിക്കുന്ന കോടതികളും, തടവുകാരുടേയും, പേപ്പട്ടികളുടേയും പോലും ക്ഷേമത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന നന്മമരങ്ങളും ഡ്രൈവര്‍മാരുടെ ക്ഷേമവും അന്വേഷിക്കണം.  

ശമ്പളം സമയത്തിന് കിട്ടാതെ ഈ സാഹചര്യങ്ങളില്‍ ജോലി നോക്കുന്ന ഡ്രൈവര്‍മാരെ പൂവിട്ടു പൂജിക്കണം. കേരളത്തിലേയ്ക്കുള്ള ഡ്യൂട്ടി കടുത്ത ശിക്ഷയായിട്ടാണ് തമിഴ്‌നാട്ടിലെ ഡ്രൈവര്‍മാര്‍ കരുതുന്നത്. തമിഴ്‌നാട്ടിലെ റോഡുകളില്‍ നിന്നും കേരളാതിര്‍ത്തി കടന്നു കഴിയുമ്പോളുണ്ടാകുന്ന മാറ്റം നമുക്കറിയാം


തമിഴ്‌നാട് ബസുകളില്‍ കാണുന്ന ഒരു ഉദ്ധരണിയുണ്ട്. 'നിങ്ങളുടെ യാത്ര ജനങ്ങളുടെ ഡ്രൈവറുടെ കയ്യില്‍ സുരക്ഷിതം.' സുരക്ഷിതമല്ലാത്ത സ്വന്തം ജീവന്‍ തോളിലേറ്റി യാണ് ഓരോ ഡ്രൈവറും വണ്ടി ഓടിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കാത്ത കെ എസ് ആര്‍ ടി സിയും, അതിനെ പിന്തുണയ്ക്കുന്ന പൊതുജനവും ഓര്‍ക്കുക മന്ത്രിയും, എം ഡിയും, കണ്ടക്ടര്‍മാരുമില്ലെങ്കിലും ബസ്സ് ഓടും. പക്ഷേ, ഡ്രൈവര്‍ ഇല്ലെങ്കില്‍ അത് ഒടില്ല. അതുകൊണ്ട് ഏതെങ്കിലും ഒന്ന് രണ്ട് ഡ്രൈവര്‍മാര്‍ കാട്ടുന്ന തെമ്മാടിത്തരത്തിന് എല്ലാ ഡ്രൈവര്‍മാരെയും കുറ്റം പറയുന്ന പണിയോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് ഡ്രൈവര്‍മാരുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നമുക്ക് ശ്രദ്ധിക്കാം.


ശൗചാലയങ്ങൾ


എല്ലാ ഭാരതീയർക്കും ശൗചാലയങ്ങൾ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടുമ്പോൾ അതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളമാണ്. ഇന്ധനവിലയുടെ വർദ്ധനവ് ഇന്ധനവിലയിൽ മാത്രമല്ല ബസ് ടിക്കറ്റ്
, ഓട്ടോ ടാക്സി കൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിലെല്ലാം തന്നെ പ്രതിഫലിക്കും. മലയാളി വീട് വയ്ക്കുമ്പോൾ കിടപ്പുമുറിയെക്കാളും, സ്വീകരണ മുറിയെക്കാളും രൂപ ചെലവഴിക്കുന്നത് ശൗചാലയങ്ങൾക്കു വേണ്ടിയാണ്. എന്നാൽ മലയാളി പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്ന ശൗചാലയങ്ങളുടെ അവസ്ഥ എന്താണ്?

 

ഇടുങ്ങിയ, ദുർഗ്ഗന്ധം നിറഞ്ഞു നിൽക്കുന്ന മങ്ങിയ വെളിച്ചമുള്ള തുണി ഊരി തൂക്കിയിടാൻ കൊളുത്തുകളില്ലാത്ത ശൗചാലയങ്ങളാണ് നമ്മുടെ നാട്ടിൽ എല്ലായിടത്തും. പിന്നെ യൂറിനലുകളും, മോഡസ്റ്റി വാളുകളും. പല മൂത്രപ്പുരകളിലും 90 സൈസ് ജെട്ടി ധരിക്കുന്നവർക്കു പോലും നിന്നു മൂത്രമൊഴിക്കാൻ പറ്റാത്ത രീതിയിലാണ് യൂറിനലുകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് യൂറിനലുകളെ തമ്മിൽ വേർതിരിക്കുന്നതിനും മറയായിട്ടുമാണ് മോഡസ്റ്റി വാളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ മോഡസ്റ്റിവാൾ ഇല്ല, ചിലയിടങ്ങളിൽ പേരിന് മാത്രം. അടുത്തു നിന്ന് മൂത്രമൊഴിക്കുന്നവർ നമ്മൾ മൂത്രമൊഴിക്കുന്നതും നോക്കിയാണ് മൂത്രമൊഴിക്കുന്നതെന്ന് തോന്നിപ്പോവും, തൂറുന്നതിനും, മൂത്രമൊഴിക്കുന്നതിനും രൂപ നൽകിയിട്ടാണ് ഈ വൃത്തികെട്ട ശൗചാലയങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്.

ഭൂരിഭാഗം ഹോട്ടലുകളിലേയും ശൗചാലയങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആഹാരം കഴിച്ച് കൈ കഴുകിയിട്ട് മൂത്രമൊഴിക്കാൻ കയറിയാൽ തന്നെ കഴിച്ചതെല്ലാം ശർദ്ധിക്കാൻ തോന്നുന്ന അവസ്ഥ. എന്തിന് ചില വലിയ (പ്രശസ്ത) ഹോട്ടലുകളിൽ പോലും ആഹാരം കഴിച്ചിട്ട് കൈകഴുകുന്നയിടത്ത് ചെന്നാൽ തന്നെ ശർദ്ധിച്ചു പോകും.ഇത്തരം ഹോട്ടലുകളിലെ ഭക്ഷണത്തെ കുറിച്ച് അടിപൊളി ബ്ലോഗുകൾ ചെയ്ത് നാട്ടുകാരെ കൊതിപ്പിച്ചു വഴിതെറ്റിക്കുന്ന ഫുഡ്ബ്ലോഗർമാർക്കു കൊടുക്കണം നല്ല അടി. വ്യക്തിശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്ന രണ്ടു നേരം സോപ്പിട്ട് കുളിക്കുന്ന മലയാളിയുടെ പൊതുഇടങ്ങളിലെ ശൗച്യാലയങ്ങളുടെ അവസ്ഥയാണിത്. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഇത് തന്നെയാണ് സ്ഥിതി.

ഇത്തരം ശൗചാലയങ്ങളോട് കടക്ക് പുറത്ത് എന്നു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ശൗചാലയങ്ങൾ ഉപയോഗിക്കാൻ മടിച്ച് പൊതു ഇടങ്ങളിൽ കാര്യം സാധിക്കുന്ന ആളുകളെ നമ്മൾ എങ്ങനെ കുറ്റം പറയും?

എന്താണ് നമ്മൾ ചെയ്യണ്ടത്?

  • പൊതു ശൗചാലയങ്ങളും യൂറിനലുകളും നിർമ്മിക്കുന്നതിന് ഗുണനിലവാര സംവിധാനം ഏർപ്പെടുത്തുക.
  • വേണ്ട കുറഞ്ഞ സ്ഥലം, അളവുകൾ, ഒരു ശൗചായത്തിൽ വേണ്ട അനുബന്ധ സംവിധാനങ്ങൾ, കൊളുത്തുകൾ, ഹാംഗറുകൾ, സാനിറ്ററി നാപ്കിൻ നശിപ്പിക്കുന്നതിനുള്ള സംവിധാനം, യൂറിനൽ വയ്ക്കുന്നതിനുള്ള ഉയരം, രണ്ട് യൂറിനലുകൾ തമ്മിലുള്ള അകലം, മോഡസ്റ്റിവാളിന്റെ നീളം, വീതി എന്നിങ്ങനെയുള്ള വിവരങ്ങൾ, വായുസഞ്ചാരം, വെളിച്ചം, എന്നിവയ്ക്കുള്ള നിബന്ധനകൾ എന്നിവയെല്ലാം തന്നെ അതിൽ ഉൾക്കൊള്ളിക്കണം.
  • ശൗച്യാലയങ്ങളുടെ ഗുണ നിലവാരം നിരന്തരം പരിശോധിക്കുന്നതിനും, തിരുത്തൽ നടപടികൾ എടുക്കുന്നതിനും, പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും, പരിഹരിക്കുന്നതിനുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുക. 

2022 ഒക്‌ടോബർ 5, ബുധനാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെംമ്പ് ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഗുജറാത്തിലെ ചേരികളെ ട്രെംബിന്റെ കാഴ്ചയിൽ നിന്നും മറയ്ക്കാൻ തുണി കൊണ്ട് മതിലു പണിതത് (കു) പ്രസിദ്ധമായിരുന്നല്ലോ! സമൂഹത്തിലെ മലിനമെന്നു നമ്മൾ കരുതുന്ന കാഴ്ചകൾ മറയ്ക്കാൻ ഗുജറാത്ത് തുണി കൊണ്ട് മതിലു കെട്ടിയെങ്കിൽ വെറും മൂന്ന് വാക്കുകൾ കൊണ്ട് സമൂഹത്തിന്റെ മൊത്തം മാലിന്യങ്ങളും
, ന്യൂനതകളും മായ്ക്കുന്ന സമൂഹമാണ് കേരളം. “ദൈവത്തിന്റെ സ്വന്തം നാട്.”

 

ദിലീപിന്റെ ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ നായകന്റെ പ്രശസ്തമായ ഡയലോഗ് “ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽകുമാർ ന്നാ” പോലെ നമ്മൾ മലയാളികൾ നമ്മളെ തന്നെ വിശേഷിപ്പിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം നാട്’എന്നാണ്. കേരളത്തിനു വെളിയിലുള്ള ലോകം കണ്ടിട്ടില്ലാത്ത മലയാളികളും, കേരളം കണ്ടിട്ടില്ലാത്ത അന്യനാട്ടുകാരും അത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. കേരളം യൂറോപ്പിന്റെ നിലവാരത്തിലേക്ക് ഉയർന്നെന്നും ആരോ പറയുന്ന കേട്ടു. കേരളത്തിൽ വിനോദസഞ്ചാരത്തിനു വന്ന മറ്റു സംസ്ഥാനക്കാരിലേയും, വിദേശീയരിലേയും പല ദൈവ വിശ്വാസികളും കേരളം സന്ദർശിച്ചതിനു ശേഷം ദൈവവിശ്വാസം തന്നെ ഉപേക്ഷിച്ചു. കേരളത്തെപ്പോലെ തന്നെയാണ് യഥാർത്ഥ സ്വർഗ്ഗമെങ്കിൽ മരണാനന്തരം ആ സ്വർഗ്ഗത്തിൽ ജീവിക്കാൻ പേടിച്ചാണ് അവർ നിരീശ്വരവാദികളും, സ്വർഗ്ഗവിരോധികളുമായത്.

 

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും, വലിയ നഗരമായ കൊച്ചിയിലേയും, കിഴക്കിന്റെ വെനീസായ ആലപ്പുഴയിലേയും, സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേയും കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡുകളിൽ വന്നിറങ്ങുന്ന, കുറച്ചു സമയം ചെലവഴിക്കുന്ന വിനോദ സഞ്ചാരികളോ, വിദേശത്തു യാത്ര ചെയ്തിട്ടു വരുന്ന മലയാളികളോ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കണമെന്നുണ്ടെങ്കിൽ അവർ കണ്ണും, മൂക്കും പ്രവർത്തിക്കാത്തവരോ, മാനസികരോഗമുള്ളവരോ ആയിരിക്കണം. തീർച്ച.

 

നമ്മുടെ തെരുവുകളുടേയും, പ്രധാന ജങ്‌ഷനുകളുടേയും എല്ലാ അവസ്ഥ ഇതു തന്നെ. ചപ്പുചവറുകളും, രാഷ്ട്രീയപ്പാർട്ടികളുടേയും, തൊഴിലാളി സംഘടനകളുടേയും തോരണങ്ങളും, കൊടിമരങ്ങളും, പോസ്റ്ററുകളും , മൂലക്കുരുവും, ലൈംഗിക രോഗങ്ങളും മാറ്റുന്ന ഡോക്ടർമാരുടെ നോട്ടീസുകളും കൊണ്ട് നമ്മുടെ പൊതു ഇടങ്ങൾ മലിനമാണ്. ഇതൊന്നും വൃത്തിയാക്കാതെയാണ് കുറെ ചുമരുകളിലും, മതിലുകളിലും കഥകളിയുടേയും, തെയ്യത്തിന്റേയും പടവും വരച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് നമ്മൾ പ്രഖ്യാപിക്കുന്നത്.

 

നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിച്ച് വൃത്തിയുടെ ഒരു സംസ്കാരം ഉണ്ടാക്കിയെടുത്തതിനു ശേഷം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാൻഡു ചെയ്യുന്നതല്ലേ ഭംഗി. അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരുന്ന സഞ്ചാരികൾക്ക് ചെകുത്താന്റെ സ്വന്തം നാട്ടിൽ വന്ന അനുഭവമാവും ഉണ്ടാവുക. പിന്നെ അഴുക്കു ചാലിൽ ജീവിക്കുന്ന പന്നികളെ പോലെയാണ് നമ്മൾ മലയാളികൾ. കേരളമെന്ന അഴുക്കുചാലാണ് സ്വർഗ്ഗമെന്ന് നമ്മൾ വിശ്വസിച്ചു പോയിരിക്കുന്നു.

നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ പൊതുഇടങ്ങളെ വൃത്തികേടാക്കുന്ന എന്തിനോടും കടക്ക് പുറത്ത് എന്ന് പറയാനുള്ള വിവേകമാണ്. നമ്മുടെ വിദ്യാലയങ്ങളെയും, കലാലയങ്ങളേയും കൊടിതോരണങ്ങളാലും, പോസ്റ്ററുകളാലും വൃത്തികേടാക്കുന്ന അധ്യാപക-വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഓഫീസുകളും, ബസ് സ്റ്റാൻഡുകളും, റെയിൽവെ സ്റ്റേഷനുകളും വൃത്തികേടാക്കുന്ന ജീവനക്കാരുടെ സംഘടനകൾ, തെരുവുകളെ വൃത്തികേടാക്കുന്ന രാഷ്ട്രീയ സംഘടനകൾ, യുവജന സംഘടനകൾ, മതസംഘടനകൾ, സിനിമാക്കാർ, മൂലക്കുരു വൈദ്യന്മാർ എന്നിവരെ എല്ലാം തന്നെ മുക്കാലിയിൽ കെട്ടി അടിക്കണം. കൈകൾ തിളയ്ക്കുന്ന എണ്ണയിൽ മുക്കണം. കൊച്ചി മെട്രോയുടെ വസ്തുക്കൾ കൊടിതോരണങ്ങളും, പോസ്റ്ററുകളും കൊണ്ട് വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള സംവിധാനം നമുക്കുണ്ടെങ്കിൽ എന്തുകൊണ്ട് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന അല്ലെങ്കിൽ ഇടപെടുന്ന മറ്റിടങ്ങൾ വൃത്തിയായി സൂക്ഷിച്ചു കൂടാ. എന്താ മെട്രോ ഉപയോഗിക്കുന്നവർ മാത്രം മനുഷ്യരും മറ്റുള്ളവർ പന്നികളുമാണോ?

സാമ്പത്തിക ദുരന്തങ്ങളും, സാമ്പത്തിക ദുരിതാശ്വാസ നിധിയും

  '' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം '' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു...