ബസ്സ് ഡ്രൈവര്‍മാരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് നമ്മള്‍ മലയാളികള്‍. ഡ്രൈവര്‍മാരില്‍ കുറച്ചുപേരെങ്കിലും റോഡില്‍ ഭീകരന്മാരെ പോലെ ആണെന്ന് പറയാതെ വയ്യ. അതില്‍ ബസ്സ് ഡ്രൈവര്‍മാരും, ഓട്ടോ ഡ്രൈവര്‍മാരും, ടിപ്പര്‍ ഡ്രൈവര്‍മാരും, സ്വന്തം വണ്ടി ഓടിക്കുന്ന നമ്മളില്‍ ഉണ്ട്. അവരെ മര്യാദ പഠിപ്പിക്കുക എന്നത് ഇന്നത്തെ വലിയ ആവശ്യമാണ്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അത് നന്നായി ചെയ്യണം. ഞാന്‍ എഴുതുന്നത് ഡ്രൈവര്‍മാരുടെ കുറ്റങ്ങളല്ല, മറിച്ച് അവരുടെ നിസഹായതയെ കുറിച്ചാണ്.
ലോകത്തിലെ ഏറ്റവും കഠിന്യമേറിയ തൊഴില്‍ ചെയ്യുന്നത് കേരളത്തിലെ ബസ്സ് ഡ്രൈവര്‍മാരാണ്. മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്കിടയില്‍ ക്ഷീണം തോന്നിയാല്‍ കുറച്ചു നേരം കണ്ണടച്ചിരിക്കം. മേശയില്‍ തല വച്ച് കിടക്കാം. എന്നാല്‍ ബസ്സ് ഡ്രൈവര്‍ ക്ഷീണം നിമിത്തം ഒരു നിമിഷം കണ്ണടച്ചാല്‍ എന്ത് സംഭവിക്കും? അധികവും ഒരു വലിയ ദുരന്തം. ബസ്സ് ഒന്ന് ഒതുക്കി നിര്‍ത്തി വിശ്രമിക്കാം എന്നു കരുതിയാല്‍? അനുവദനീയ സ്റ്റോപ്പില്‍ പോലും ബസ്സ് നിര്‍ത്താന്‍ പോയാല്‍ 'എന്തിനാണ് എല്ലായിടത്തും ബസ്സ് നിര്‍ത്തി ഇയാള്‍ സമയം കളയുന്നത്?' എന്നു ചിന്തിക്കുന്ന നമ്മള്‍ സംസ്‌ക്കാര സമ്പന്നരായ യാത്രക്കാര്‍ അയാളുടെ വീട്ടിലിരിക്കുന്ന ആളുകളെ പോലും മനസ്സിലെങ്കിലും ചീത്ത വിളിക്കും.
ഈ ഡ്രൈവര്‍മാരുടെ തൊഴിലിടങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതും എറ്റവും വൃത്തികെട്ടത് ആണ്. വീതിയില്ലത്ത, തിരക്കുപിടിച്ച, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍... നന്നായി പരിപാലിക്കാത്ത വണ്ടികള്‍, ഡ്രൈവര്‍മാരെ ചീത്ത വിളിക്കുന്ന പോലീസുകാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, കാല്‍നടക്കാര്‍... ഒരു ബോധവുമില്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടക്കാര്‍, പട്ടികള്‍, വിശുദ്ധ പശുക്കള്‍, വന്യ ജീവികള്‍... ദൈവത്തിന്റെ ഇടപെടല്‍ നിമിത്തമോ, വാഹന പെരുപ്പം നിമിത്തമോ, കേരളത്തിലെ ദൈവങ്ങളായ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളുടെ ജാഥകള്‍ നിമിത്തമോ വി ഐ പികളുടെ സഞ്ചാരം നിമിത്തമോ മണിക്കൂറുകളോളം റോഡില്‍ അകപ്പെടുന്ന സാഹചര്യങ്ങള്‍... എന്ത് കഷ്ടമാണ് ഇവരുടെ തോഴിലിടം. മൂത്രമൊഴിക്കുന്നതു പോലും മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തേണ്ട അവസ്ഥ... മണിക്കൂറുകള്‍ നീളുന്ന ജോലി.... ബസിനുള്ളില്‍ അല്ലെങ്കില്‍ കര്‍ണാടക വോള്‍വോ ഡ്രൈവര്‍മാര്‍ പോലെ ബസിന്റെ ലഗേജ് വയ്ക്കുന്ന സ്ഥലത്തോ കിടന്നുറങ്ങേണ്ട ദുരവസ്ഥ.... എത്ര ദുരന്തം നിറഞ്ഞതാണ് അവരുടെ ജോലി എന്നോര്‍ക്കുക.
ഇനി ഈ ജോലി കാരണമുള്ള തൊഴില്‍ ജന്യ രോഗങ്ങള്‍... സച്ചിന്‍ തെണ്ടുല്‍ക്കറിനെ പോലുള്ള വലിയ കായികതാരങ്ങളെ ബാധിക്കുന്ന ടെന്നിസ് എല്‍ബോ അടക്കം നിരവധി രോഗങ്ങള്‍.
പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സി യിലെ ഡ്രൈവര്‍മാരാണെങ്കില്‍ സമയത്തിന് ശമ്പളം കിട്ടാതെ ലോണിന്റെ തിരിച്ചടവ് മുടങ്ങുമ്പോള്‍ ബാങ്കില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ വണ്ടി ഓടിക്കുമ്പോള്‍ തന്നെ വന്നുകൊണ്ടിരിക്കും... സ്പീഡ് കൂടിയാല്‍ കേസ്, സ്പീഡ് കുറഞ്ഞാല്‍ യാത്രക്കാരുടെ മോശം കമന്റുകള്‍, വണ്ടി നിറുത്തി വിശ്രമിച്ചാല്‍ സസ്‌പെന്‍ഷന്‍, ഓവര്‍ടേക് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പറഞ്ഞ് മറ്റു ഡ്രൈവര്‍മാരുടെ ചീത്തവിളിയും അടിയും... ESI യും പെന്‍ഷനും മറ്റ് ആനുകല്യങ്ങളും ഇല്ലാതെ കഴിയുന്ന കാലത്ത് മാക്‌സിമം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രൈവറ്റ്, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍... ബാറുകളിലെ ടോയിലറ്റിന്റെ വൃത്തി പരിശോധിക്കുന്ന കോടതികളും, തടവുകാരുടേയും, പേപ്പട്ടികളുടേയും പോലും ക്ഷേമത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന നന്മമരങ്ങളും ഡ്രൈവര്‍മാരുടെ ക്ഷേമവും അന്വേഷിക്കണം.
ശമ്പളം സമയത്തിന് കിട്ടാതെ ഈ സാഹചര്യങ്ങളില്‍ ജോലി നോക്കുന്ന ഡ്രൈവര്‍മാരെ പൂവിട്ടു പൂജിക്കണം. കേരളത്തിലേയ്ക്കുള്ള ഡ്യൂട്ടി കടുത്ത ശിക്ഷയായിട്ടാണ് തമിഴ്‌നാട്ടിലെ ഡ്രൈവര്‍മാര്‍ കരുതുന്നത്. തമിഴ്‌നാട്ടിലെ റോഡുകളില്‍ നിന്നും കേരളാതിര്‍ത്തി കടന്നു കഴിയുമ്പോളുണ്ടാകുന്ന മാറ്റം നമുക്കറിയാം
തമിഴ്‌നാട് ബസുകളില്‍ കാണുന്ന ഒരു ഉദ്ധരണിയുണ്ട്. 'നിങ്ങളുടെ യാത്ര ജനങ്ങളുടെ ഡ്രൈവറുടെ കയ്യില്‍ സുരക്ഷിതം.' സുരക്ഷിതമല്ലാത്ത സ്വന്തം ജീവന്‍ തോളിലേറ്റി യാണ് ഓരോ ഡ്രൈവറും വണ്ടി ഓടിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുക്കാത്ത കെ എസ് ആര്‍ ടി സിയും, അതിനെ പിന്തുണയ്ക്കുന്ന പൊതുജനവും ഓര്‍ക്കുക മന്ത്രിയും, എം ഡിയും, കണ്ടക്ടര്‍മാരുമില്ലെങ്കിലും ബസ്സ് ഓടും. പക്ഷേ, ഡ്രൈവര്‍ ഇല്ലെങ്കില്‍ അത് ഒടില്ല. അതുകൊണ്ട് ഏതെങ്കിലും ഒന്ന് രണ്ട് ഡ്രൈവര്‍മാര്‍ കാട്ടുന്ന തെമ്മാടിത്തരത്തിന് എല്ലാ ഡ്രൈവര്‍മാരെയും കുറ്റം പറയുന്ന പണിയോട് 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് ഡ്രൈവര്‍മാരുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നമുക്ക് ശ്രദ്ധിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ