സ്ത്രീകൾക്ക് ധൈര്യത്തോടെ, സൗകര്യപ്രദമായി വെളിക്കിറങ്ങാൻ പറ്റിയ എത്ര ബസ് സ്റ്റാൻഡുകൾ കേരളത്തിലുണ്ട് ? പണ്ട് കേരളത്തിലെ വീടുകളിൽ ശൗചാലയം പുറത്തായിരുന്നു. ഇന്ന് വീടുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയി. എന്നാൽ പണ്ട് നമ്മുടെ ബസ്സ്റ്റാൻഡുകളെല്ലാം തന്നെ ശൗചാലയം അറ്റാച്ച്‌ഡ് ആയിരുന്നു. പ്രധാന കെട്ടിടത്തിൽ തന്നെയായിരുന്നു ശൗചാലയങ്ങൾ: ഇന്ന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിങ്ങനെയുളള പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം തന്നെ പ്രധാന കെട്ടിടത്തിൽ നിന്നും മാറിയാണ് ശൗചാലയം. പല ബസ് സ്റ്റാൻഡുകളിലും ശൗചാലയങ്ങൾക്കു മുന്നിൽ ബസുകൾ നിറുത്തിയിട്ടിട്ടുണ്ടാവും. കൂടാതെ പൈസ പിരിക്കാനിരിക്കുന്നവരിൽ ഭൂരിഭാഗത്തേയും കണ്ടാൽ ഗോവിന്ദച്ചാമിയുടെ പഴയ രൂപമാണ് ഓർമ വരിക. അതുകൊണ്ടു തന്നെ പുരുഷന്മാർ കൂടെയില്ലങ്കിൽ ധൈര്യമായി പകൽ സമയങ്ങളിൽ പോലും ഈ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നു.
അത്യാധുനിക മാതൃകാ ബസ്
സ്റ്റാൻഡായ കോഴിക്കോടാണെങ്കിൽ സ്ത്രീകളുടെ ശൗചാലയം ബസ് സ്റ്റാൻഡിന്റെ ഒരറ്റത്തും, പുരുഷന്മാരുടേത്
മറ്റേ അറ്റത്തും. രണ്ടും തമ്മിൽ നൂറു മീറ്ററിലധികം അകലമുണ്ടാവണം. അതുകൊണ്ടു തന്നെ
ഭാര്യയ്ക്കു ഭർത്താവും, ഭർത്താവിന് ഭാര്യയും നൂറും, നൂറും ഇരുന്നൂറു മീറ്റർ
കൂട്ടുപോവേണ്ട അവസ്ഥ.
ചില ബസ് സ്റ്റാൻഡുകളിൽ
പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ രണ്ടു രൂപയും, സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ അഞ്ചു
രൂപയുമാണ്. പറയുന്ന കാരണം സ്ത്രീകൾ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയം കൂടുതൽ വെള്ളം
ചെലവഴിക്കുന്നു എന്നതാണ്. എന്താ സ്ത്രീകൾ പുരുഷന്മാരെ പോലെ മൂത്രമൊഴിച്ച് ഒരു
ജെൻഡർ ന്യൂട്രൽ മൂത്രമൊഴിക്കൽ സംസ്ക്കാരം വളർത്തണമോ?
ഇത്തരം സ്ത്രീ വിരുദ്ധമായ
ബസ് സ്റ്റാൻഡുകളാട് നവോത്ഥാന പക്ഷക്കാരായ സ്ത്രീകളെങ്കിലും കടക്ക് പുറത്ത് എന്ന്
പറയണ്ടേ? ഇതെല്ലാം തങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങളിൽ വരുന്നതാണെന്ന് തിരിച്ചറിയണ്ടേ? അല്ലാതെ
തൂറുന്നതും, മൂത്രമൊഴിക്കുന്നതും മൗലികാവകാശമാണെന്ന് ഭരണഘടനയിൽ എവിടെയാണ്
പറഞ്ഞിരിക്കുന്നത് എന്ന മറു ചോദ്യം ചോദിക്കരുത്. ഒരു പ്രശസ്ത ഫെമിനിസ്റ്റ്
ചോദിച്ചതാണ് ഈ ചോദ്യം! എന്നിട്ട് എന്നോടൊരു കടക്കു പുറത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ