പഴയ തമ്പാനൂർ ബസ്റ്റാൻഡ് ഉണ്ടായിരുന്ന കാലത്ത് കേരളം സന്ദർശിച്ച ഒരു സായിപ്പിന്റെ വായിൽ നിന്നും വീണ കമന്റ് "ഗോഡ്സ് ഓൺ കൺട്രി, ബട്ട് ഡെവിൾസ് ഓൺ ബസ് സ്റ്റാൻഡ് " സത്യമല്ലേ ? വളരെ സത്യസന്ധമായ വിലയിരുത്തൽ. പഴയ തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ സ്ഥാനത്ത് ആധുനിക ബഹുനില ബസ് സ്റ്റാൻഡ് വന്നു. പക്ഷെ ആ സായിപ്പ് ഇനി വന്നാലും പറയുക പഴയ കമന്റ് തന്നെയായിരിക്കും "ഡെവിൾസ് ഓൺ ബസ്സ് സ്റ്റാൻഡ്. " നാഗർകോവിൽ, പൂവാർ പോലുള്ള സ്ഥലങ്ങളിൽ പോകുന്ന യാത്രക്കാർ ഭൂരിഭാഗവും ഇപ്പോഴും വെയിലും മഴയും കൊണ്ട് തന്നെ ഈ അത്യാധുനിക ബസ് സ്റ്റാൻഡിൽ നിൽക്കണം. ബസ്റ്റാൻഡിനകം മുഴുവൻ തൊഴിലാളി സംഘടനകളുടെ കൊടി തോരണങ്ങൾ, പോസ്റ്ററുകൾ . സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും ബസുകൾ പാർക്കു ചെയ്തിരിക്കുന്നതിനാൽ ബസ്സ്റ്റാൻഡ് വളപ്പിനകത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ പോവാൻ ജനം പേടിക്കണം. എന്ത് ദുരിതമാണിത്. ശൗച്യാലയങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. ഇപ്പോഴും ചെകുത്താന്റെ തന്നെ.
എന്തിനാണ് ബസ്
സ്റ്റാൻഡുകൾ? യാത്രക്കാർക്ക് വെയിലും,
മഴയും കൊള്ളാതെ സുഖപ്രദമായി തങ്ങളുടെ യാത്രകൾ തുടങ്ങാനും, അവസാനിപ്പിക്കാനും
. എന്നാൽ നമ്മുടെ ബസ് സ്റ്റാൻഡുകൾ പുരുഷന്മാരെപ്പോലും ഭയപ്പെടുത്തുന്ന ചെകുത്താൻ
കോട്ടയാണ്. വെയിലും, മഴയും കൊള്ളാതെ ആധുനിക ബസ് സ്റ്റാൻഡായ വൈറ്റില ഹബിൽ നിന്നും
യാത്ര ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് അതിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.
രാവിലെ കിഴക്കുനിന്നും വെയിലടിക്കുന്നതിനാൽ യാത്രക്കാർ പടിഞ്ഞാറോട്ട് നീങ്ങി
നിന്ന് മേൽക്കൂരയുടെ നിഴലിൽ അഭയം തേടും. ഉച്ച കഴിഞ്ഞ് പടിഞ്ഞാറ് നിന്ന്
വെയിലടിക്കുമ്പോൾ കിഴക്കോട്ട് നീങ്ങി മേൽക്കൂരയുടെ നിഴലിൽ അഭയം തേടുന്നു.
മഴയുള്ളപ്പോൾ കുട തന്നെയാണ് ശരണം. എന്തിനു വണ്ടിയാണ് ഈ ബസ് സ്റ്റാൻഡ് സമുച്ചയം.
യാത്രക്കാരുടെ ആവശ്യങ്ങൾ
പരിഗണിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു ബസ് സ്റ്റാൻഡ് പോലും ഈ കേരളത്തിലില്ല.
എങ്കിലും നമ്മൾ പറയുന്നു കേരളം ദൈവത്തിന്റെ സ്വന്തം നാട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ