ദിലീപിന്റെ ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ നായകന്റെ പ്രശസ്തമായ
ഡയലോഗ് “ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽകുമാർ ന്നാ” പോലെ നമ്മൾ മലയാളികൾ
നമ്മളെ തന്നെ വിശേഷിപ്പിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം നാട്’എന്നാണ്. കേരളത്തിനു
വെളിയിലുള്ള ലോകം കണ്ടിട്ടില്ലാത്ത മലയാളികളും, കേരളം കണ്ടിട്ടില്ലാത്ത
അന്യനാട്ടുകാരും അത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. കേരളം യൂറോപ്പിന്റെ
നിലവാരത്തിലേക്ക് ഉയർന്നെന്നും ആരോ പറയുന്ന കേട്ടു. കേരളത്തിൽ വിനോദസഞ്ചാരത്തിനു
വന്ന മറ്റു സംസ്ഥാനക്കാരിലേയും,
വിദേശീയരിലേയും പല ദൈവ വിശ്വാസികളും കേരളം സന്ദർശിച്ചതിനു
ശേഷം ദൈവവിശ്വാസം തന്നെ ഉപേക്ഷിച്ചു. കേരളത്തെപ്പോലെ തന്നെയാണ് യഥാർത്ഥ
സ്വർഗ്ഗമെങ്കിൽ മരണാനന്തരം ആ സ്വർഗ്ഗത്തിൽ ജീവിക്കാൻ പേടിച്ചാണ് അവർ
നിരീശ്വരവാദികളും,
സ്വർഗ്ഗവിരോധികളുമായത്.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും, വലിയ
നഗരമായ കൊച്ചിയിലേയും,
കിഴക്കിന്റെ വെനീസായ ആലപ്പുഴയിലേയും, സാംസ്കാരിക
തലസ്ഥാനമായ തൃശൂരിലേയും കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡുകളിൽ വന്നിറങ്ങുന്ന, കുറച്ചു
സമയം ചെലവഴിക്കുന്ന വിനോദ സഞ്ചാരികളോ,
വിദേശത്തു യാത്ര ചെയ്തിട്ടു വരുന്ന മലയാളികളോ കേരളത്തെ
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കണമെന്നുണ്ടെങ്കിൽ അവർ കണ്ണും, മൂക്കും
പ്രവർത്തിക്കാത്തവരോ,
മാനസികരോഗമുള്ളവരോ ആയിരിക്കണം. തീർച്ച.
നമ്മുടെ തെരുവുകളുടേയും, പ്രധാന ജങ്‌ഷനുകളുടേയും
എല്ലാ അവസ്ഥ ഇതു തന്നെ. ചപ്പുചവറുകളും,
രാഷ്ട്രീയപ്പാർട്ടികളുടേയും, തൊഴിലാളി സംഘടനകളുടേയും
തോരണങ്ങളും, കൊടിമരങ്ങളും,
പോസ്റ്ററുകളും ,
മൂലക്കുരുവും,
ലൈംഗിക രോഗങ്ങളും മാറ്റുന്ന ഡോക്ടർമാരുടെ നോട്ടീസുകളും
കൊണ്ട് നമ്മുടെ പൊതു ഇടങ്ങൾ മലിനമാണ്. ഇതൊന്നും വൃത്തിയാക്കാതെയാണ് കുറെ
ചുമരുകളിലും, മതിലുകളിലും കഥകളിയുടേയും,
തെയ്യത്തിന്റേയും പടവും വരച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്’
എന്ന് നമ്മൾ പ്രഖ്യാപിക്കുന്നത്.
നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയാക്കി സൂക്ഷിച്ച് വൃത്തിയുടെ
ഒരു സംസ്കാരം ഉണ്ടാക്കിയെടുത്തതിനു ശേഷം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാൻഡു
ചെയ്യുന്നതല്ലേ ഭംഗി. അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരുന്ന
സഞ്ചാരികൾക്ക് ചെകുത്താന്റെ സ്വന്തം നാട്ടിൽ വന്ന അനുഭവമാവും ഉണ്ടാവുക. പിന്നെ
അഴുക്കു ചാലിൽ ജീവിക്കുന്ന പന്നികളെ പോലെയാണ് നമ്മൾ മലയാളികൾ. കേരളമെന്ന
അഴുക്കുചാലാണ് സ്വർഗ്ഗമെന്ന് നമ്മൾ വിശ്വസിച്ചു പോയിരിക്കുന്നു.
നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ പൊതുഇടങ്ങളെ
വൃത്തികേടാക്കുന്ന എന്തിനോടും കടക്ക് പുറത്ത് എന്ന് പറയാനുള്ള വിവേകമാണ്. നമ്മുടെ
വിദ്യാലയങ്ങളെയും,
കലാലയങ്ങളേയും കൊടിതോരണങ്ങളാലും, പോസ്റ്ററുകളാലും
വൃത്തികേടാക്കുന്ന അധ്യാപക-വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഓഫീസുകളും, ബസ്
സ്റ്റാൻഡുകളും,
റെയിൽവെ സ്റ്റേഷനുകളും വൃത്തികേടാക്കുന്ന ജീവനക്കാരുടെ
സംഘടനകൾ, തെരുവുകളെ വൃത്തികേടാക്കുന്ന രാഷ്ട്രീയ സംഘടനകൾ, യുവജന സംഘടനകൾ, മതസംഘടനകൾ, സിനിമാക്കാർ, മൂലക്കുരു
വൈദ്യന്മാർ എന്നിവരെ എല്ലാം തന്നെ മുക്കാലിയിൽ കെട്ടി അടിക്കണം. കൈകൾ തിളയ്ക്കുന്ന
എണ്ണയിൽ മുക്കണം. കൊച്ചി മെട്രോയുടെ വസ്തുക്കൾ കൊടിതോരണങ്ങളും, പോസ്റ്ററുകളും
കൊണ്ട് വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള സംവിധാനം നമുക്കുണ്ടെങ്കിൽ എന്തുകൊണ്ട്
കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന അല്ലെങ്കിൽ ഇടപെടുന്ന മറ്റിടങ്ങൾ വൃത്തിയായി
സൂക്ഷിച്ചു കൂടാ. എന്താ മെട്രോ ഉപയോഗിക്കുന്നവർ മാത്രം മനുഷ്യരും മറ്റുള്ളവർ
പന്നികളുമാണോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ