''ജനകോടികളുടെ വിശ്വസ്ത സ്ഥാപനം'' എന്ന ഒറ്റ പരസ്യവാചകത്തിലൂടെ ജനകോടികളുടെ മനസില്‍
ചിരപ്രതിഷ്ഠ നേടിയ ബിസിനസുകാരനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. കോടിക്കണക്കിന്
രൂപ നേരിട്ടും, അല്ലാതേയും ഇന്ത്യയുടേയും, അദ്ദേഹം ബിസിനസ് ചെയ്തിരുന്ന മറ്റ് രാജ്യങ്ങളുടേയും
സമ്പദ്ഘടനയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകള്‍
അദ്ദേഹത്തിന്റെ ബിസിനസുകളുലൂടെ ഉപജീവനം നടത്തി. കുറേ പേരെങ്കിലും ഒരു ജീവിതകാലം
ജീവിക്കാനുള്ള വഴിയും കണ്ടെത്തി. എന്നാല്‍ ഒരു ചെക്കു കേസില്‍പെട്ട് ഗള്‍ഫിലെ
ജയിലില്‍ മൂന്നു വര്‍ഷത്തോളം അദ്ദേഹം തടവില്‍ കിടന്നപ്പോള്‍ ആരാണ് അദ്ദേഹത്തെ
രക്ഷിക്കാനുണ്ടായത്?
ഇത് ജൂവലറി ഉടമയും, സിനിമാ നിര്‍മ്മാതാവും, വിതരണക്കാരനും, അഭിനേതാവും
ആയിരുന്ന ഒരു അറ്റ്‌ലസ് രാമചന്ദ്രന്റെ മാത്രം ദുരന്തകഥയല്ല. സിനിമ പോലെയുള്ള വിവിധ
ബിസിനസുകളില്‍ മുതല്‍ മുടക്കി സാമ്പത്തിക ദുരന്തത്തിന്റെ കാണാക്കയങ്ങളില്‍
മുങ്ങിപ്പോയ എത്രയോ നല്ല മനുഷ്യര്‍. ഒരു കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക്
നികുതിയായും, ജീവനക്കാര്‍ക്കുള്ള ശമ്പളമായും, തങ്ങളുടെ വ്യക്തിഗത ചെലവഴിക്കലുകളായും, സംഭാവനകളായും കോടിക്കണക്കിന് രൂപ നല്‍കിയിരുന്ന ഇത്തരക്കാര്‍
ബിസിനസിന്റെ പാതയില്‍ ഇടറി വീഴുമ്പോള്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല നമ്മുടെ സമൂഹത്തിനില്ലേ?
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു മലയാളിയെ ബ്ലഡ് മണി നല്‍കി
രക്ഷിക്കാന്‍ കോടികള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച സംഭവം ഓര്‍ത്തു പോകുന്നു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ബിസിനസുകാരനെ അല്ലെങ്കില്‍
ബിസിനസിനെ രക്ഷിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് നല്ല ആശയമാണെന്ന് കരുതുന്നില്ല. കാരണം ആ
ബിസിനസിനെ രക്ഷിക്കേണ്ടത് ഒരിക്കലും 'സഹതാപം' കൊണ്ടാവരുത്, മറിച്ച് 'വിവേകം' കൊണ്ടാവണം.
ഓരോ ബിസിനസ് തകര്‍ച്ചയും ഒരു സാമ്പത്തിക ദുരന്തമാണ്. പ്രകൃതി ദുരന്തങ്ങളും, പകര്‍ച്ചവ്യാധികളും പോലെയുള്ള മഹാദുരന്തങ്ങള്‍. ഉപജീവനം
നഷ്ടമാവുന്നവര്‍, അവരുടെ പുനരധിവാസം, ജോലികള്‍ നഷ്ടമാകുന്നവരുടേയും, ബിസിനസിന്റേയും, ഈ ബിസിനസിനെ
ആശ്രയിച്ചു നിലനില്‍ക്കുന്ന മറ്റ് ബിസിനസുകളുടേയും ചെലവാക്കലുകള്‍, നികുതികള്‍ എന്നിവ ഇല്ലാതാകുന്നതിലൂടെ രാജ്യത്തിന്റെ
ഖജനാവിന് നഷ്ടമാകുന്ന കോടികള്‍ എത്രയാണെന്ന് ഒന്നു ചിന്തിച്ചു നോക്കുക... അനില്‍
അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, കഫേ കോഫീ ഡേ, സഹാറ, ജെറ്റ് എയര്‍വെയ്‌സ്, ബൈജൂസ്
എന്നിങ്ങനെ അറിയുന്നതും, അറിയപ്പെടാത്തതുമായ
എത്രയോ വമ്പന്‍ ബ്രാന്‍ഡുകള്‍ പല തരത്തിലുള്ള തിരിച്ചടികള്‍ ബിസിനസില്‍
നേരിട്ടവയാണ്. അപൂര്‍വം ചിലര്‍ക്ക് അത്തരം തിരിച്ചടികളെ അതിജീവിക്കാന്‍, കഴിഞ്ഞെങ്കില്‍ ഭൂരിഭാഗം പേരും സാമ്പത്തിക ദുരന്തത്തിന്റെ
കാണാക്കയങ്ങളില്‍ അകപ്പെട്ടു പോയി.
തട്ടിപ്പുകള്‍ നടത്തി, പിടിക്കപ്പെട്ട്
ബിസിനസില്‍ പരാജയപ്പെട്ടവരുണ്ട്. അവരെ കുറിച്ച് വ്യാകുലപ്പെടുന്നില്ല. പക്ഷെ
തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പരാജയപ്പെടുന്ന നല്ലവരായ ബിസിനസുകാര്‍. അവരെ
സംരക്ഷിക്കാനുള്ള ബാധ്യത നമ്മുടെ സമൂഹത്തിനില്ലേ? ഉണ്ട്.
അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക അനുവദിച്ച കീഴ്‌വഴക്കം നമ്മുടെ നാട്ടിലുണ്ട്. അപകടങ്ങളുടെ
വാര്‍ത്താ പ്രാധാന്യമനുസരിച്ച് ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന
രീതിയുമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു 'ദയാവായ്പ്' അല്ല നമ്മുടെ ബിസിനസുകാര്‍ക്ക് ആവശ്യം.
ലക്ഷങ്ങളും, കോടികളും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക്
സംഭാവന നല്‍കുന്ന ഒരു ബിസിനസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ബാങ്കുകള്‍ പോലുള്ള സാമ്പത്തിക
സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നില്ലായെങ്കില്‍ സര്‍ക്കാര്‍
നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന ഒരു സംവിധാനം നമുക്ക് ആവശ്യമാണ്.
പ്രധാനമന്ത്രിയുടേയോ, മുഖ്യമന്ത്രിമാരുടേയോ ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ സഹായം നല്‍കാം. ഈ ബിസിനസുകാരും സംഭാവന നല്‍കിയ ലക്ഷങ്ങളും, കോടികളും ചേര്‍ന്നതാണല്ലോ ഈ ദുരിതാശ്വാസ നിധികള്‍.
ഇല്ലായെങ്കില്‍ ധനകാര്യ വകുപ്പിനു കീഴില്‍ ഒരു പുതിയ സാമ്പത്തിക ദുരിതാശ്വാസ നിധി
(ഫിനാന്‍ഷ്യല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) രൂപീകരിക്കാം. അതിനായി പുതിയ നികുതികള്‍
ഏര്‍പ്പെടുത്താതെ കമ്പനികളുടെ നിലവിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി
(സി എസ് ആര്‍) ഫണ്ടില്‍ നിന്ന് മുപ്പത് ശതമാനം ഈ നിധിയിലേയ്ക്ക് വകമാറ്റാം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസ് അല്ലെങ്കില്‍ ബിസിനസുകാരന്‍ ആകെ നല്‍കിയ
പ്രത്യക്ഷ നികുതിയുടെ ഇരുപത്തിയഞ്ചു ശതമാനം വരെ പലിശ രഹിത വായ്പയായും, അമ്പതു ശതമാനം വരെ കുറഞ്ഞ പലിശയുള്ള വായ്പയായും അഞ്ചു മുതല്‍
എട്ടു വര്‍ഷം വരെയുള്ള തിരിച്ചടവു കാലയളവില്‍ സര്‍ക്കാര്‍ ഈ നിധിയില്‍ നിന്നും
ബാങ്കുകള്‍ വഴി നല്‍കണം. ഇതിന്റെ തിരിച്ചടവ് ഉറപ്പാക്കുന്നത് ബാങ്കുകള്‍
ആയിരിക്കണം. ഇത്തരം വായ്പകളുടെ സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ സാമ്പത്തിക
ദുരിതാശ്വാസ നിധിയില്‍ നിന്നും ബാങ്കുകള്‍ക്ക് നല്‍കണം.
ഇത്തരത്തിലുള്ള ഒരു സംവിധാനമുണ്ടെങ്കില്‍ എത്രയോ ബിസിനസുകളേയും, ബിസിനസുകാരേയും രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് കഴിയും. ആ ബിസിനസുകളിലെ പ്രൊമോട്ടര്‍മാരും, നിക്ഷേപകരും, ജീവനക്കാരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസവും, ആ ബിസിനസിന്റെ ഉയര്‍ത്തെഴുന്നേല്‍പിനുള്ള ഒരു കൈത്താങ്ങുമായിരിക്കും ഇത്തരത്തിലുള്ള ഒരു 'സാമ്പത്തിക ദുരിതാശ്വാസ നിധി'.
സിനിമാരംഗത്തും മറ്റും എത്രയോ താരങ്ങളേയും, കോടീശ്വരന്മാരേയും സൃഷ്ടിച്ച ബിസിനസുകാര്‍ കാറും, വീടുമെല്ലാം നഷ്ടപ്പെട്ട് ആരും സഹായിക്കാനില്ലാതെ കഷ്ടപ്പെടുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ അത്തരം തന്തയില്ലായ്മകളോട് 'കടക്ക് പുറത്ത്' എന്ന് പറയാനുള്ള മനസ് നമുക്കാണ്ടാവണം. നമ്മുടെ സര്‍ക്കാറുകള്‍ക്ക് ഉണ്ടാവണം. ഒരു ചെറിയ സഹായം, ശരിയായ സമയത്ത് കിട്ടിയാല്‍ തീരുന്ന പ്രശ്‌നം മാത്രമായിരിക്കും പല ബിസിനസുകള്‍ക്കും ഉണ്ടാവുക. 'ഒരു തുന്നല്‍ പല തുന്നലുകള്‍ ഒഴിവാക്കും' എന്ന ചൊല്ല് ഓര്‍മിക്കുക. നല്ല കാലത്ത് നല്ല രീതിയില്‍ രാജ്യത്തേയും, നമ്മളേയും സഹായിച്ച നന്മയുള്ള മനുഷ്യരെ അവരുടെ കഷ്ടകാലത്ത് സഹായിക്കാനുള്ള നന്മ നമുക്കുണ്ടാവട്ടെ.